എം.എ.യൂസഫലി അബുദാബിയിലെത്തി; പൂർണ ആരോഗ്യവനാണെന്നു ലുലു ഗ്രൂപ്പ്

0
296

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെയാണ് എം.എ.യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ യൂസഫലി നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി അബുദാബിയിൽ താമസമാക്കിയ യൂസഫലിയുടെ ആരോഗ്യവിവരം അബുദാബി രാജകുടുംബം അന്വേഷിച്ചിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്ന് പുലർച്ചെ 5.30 നാണ് യൂസഫലി അബുദാബിയിലെത്തിയത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം യൂസഫലി അബുദാബിയിലെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

രാവിലെ ദുബായ് സിലിക്കണ്‍ ഒയാസീസില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തിൽ യൂസഫലി പങ്കെടുത്തില്ല. അടുത്ത ദിവസങ്ങളിൽ ഓഫീസ് ജോലികളിലേക്ക് മടങ്ങിയെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here