ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കൂടുന്നു; അഞ്ച് വര്‍ഷത്തിന്നിടെ ഇവര്‍ പ്രതികളായത് നാലായിരത്തോളം കേസുകളില്‍

0
185

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രം പ്രതികളായി രജിസ്റ്റര്‍ ചെയ്തത് 3,650 ക്രിമിനല്‍ കേസുകള്‍. എറണാകുളം കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വന്നത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് ആഭ്യന്തര വകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2016 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ കേസുകളുടെ എണ്ണമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലോക്ഡൗണ്‍ നിലനിന്ന 2020-ല്‍ മാത്രമാണ് കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ് നിന്നിട്ടുള്ളത്. എന്നാല്‍ ഇതുമാറ്റിവെച്ച്, മറ്റ് നാല് വര്‍ഷങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2016-ല്‍ 639 കേസുകളാണെങ്കില്‍ 2017 ആയപ്പോള്‍ 744 കേസുകള്‍ എന്നനിലയിലേക്ക് അത് വര്‍ധിച്ചു. 2018ല്‍ 805, 2019-ല്‍ 978, 2020-ല്‍ 484 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെടാന്‍ നാടുവിടുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ഇങ്ങനെ നാടുവിടുന്നവരെ കണ്ടെത്തി പിടികൂടുന്നതിന് അതത് സംസ്ഥാനത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here