കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം; കൊലക്കത്തിയ്ക്ക് ഇരയായത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം. പാനൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് കൊലക്കത്തിയ്ക്ക് ഇരയായത്. സിപിഎം പ്രവർത്തകരുടെ അക്രമത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്സിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here