തിരുവനന്തപുരം: ലീഗിനെ ഇടതുമുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍. എംവിആറിന്റെ ബദല്‍ രേഖ ജയരാജന്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കേണ്ട സമയം കൂടിയാണിതെന്ന് സി.പി.ജോണ്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
മുസ്‌ലിം ലീഗിനെയും കേരള കോൺഗ്രസിനെയും ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്നു വാദിച്ച് ബദല്‍രേഖ പുറത്തിറക്കിയതോടെയാണ് എം.വി.രാഘവന്‍ അടക്കമുള്ള നേതാക്കളെ സിപിഎം പുറത്താക്കുകയും സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി ജനിക്കുകയും ചെയ്തത്. ഇത് ഓര്‍മ്മിപ്പിച്ചാണ് ഇ.പി.ജയരാജന്‍ ബദല്‍രേഖ അംഗീകരിക്കുകയാണോ എന്ന് തുറന്നു പറയണമെന്ന് സി.പി.ജോണ്‍ ആവശ്യപ്പെട്ടത്.
കോൺഗ്രസിനെ തള്ളിപ്പറയാൻ തയാറായാൽ മുസ്‌ലിം ലീഗ് എൽഡിഎഫിലേക്കു വരട്ടെ എന്നായിരുന്നു കൺവീനറായ ഉടനെ ഇ.പി.ജയരാജന്‍ പ്രതികരിച്ചത്. എൽഡിഎഫിന്റെ കവാടങ്ങൾ അടയ്ക്കില്ലെന്നും ആർഎസ്പി പുനർവിചിന്തനം നടത്തണമെന്നും പറഞ്ഞ ഇപി, പ്രതീക്ഷിക്കാത്ത പല പാർട്ടികളും എൽഡിഎഫിൽ എത്തുമെന്നും അവകാശപ്പെട്ടിരുന്നു. ഇതില്‍ ലീഗിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇതോടെ ബദല്‍രേഖ അടക്കമുള്ള പഴയ കാര്യങ്ങള്‍ വീണ്ടും സജീവമായി.
ഇടതുമുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ചത് വിവാദമായതോടെ ഇ.പി.ജയരാജന്‍ പ്രസ്താവന തിരുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റും ജയരാജന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. മുന്നണി വിപുലീകരണമല്ല എൽഡിഎഫിന്റെ അടിയന്തര ലക്ഷ്യം. ഇത്തരം പ്രതികരണം നടത്തുമ്പോള്‍ ജയരാജന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
എന്നാല്‍ ജയരാജന്റെ പ്രസ്താവന ലീഗ് തള്ളിക്കളഞ്ഞിരുന്നു. മുന്നണി മാറ്റം അജണ്ടയിലില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജയരാജന്റെ പ്രസ്താവന ഉണ്ടയില്ലാ വെടിയെന്നായിരുന്നു ആർഎസ്പിയുടെ മറുപടി.