തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് ലഭിച്ചതോടെ ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിന് കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ തുറന്നടിച്ചതോടെയാണ് ചന്ദ്രിക പ്രശ്നത്തില്‍ പരസ്യ കലാപത്തിലേക്ക് ലീഗ് നീങ്ങിയത്. പാര്‍ട്ടി ഫണ്ടിന്റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുകയാണെന്നും മുയീന്‍ അലി തങ്ങള്‍ ആരോപിച്ചത്. ഇതോടെ മുയീന്‍ അലിക്കെതിരെ ലീഗ് പ്രവര്‍ത്തകന്‍ അസഭ്യവര്‍ഷം നടത്തി. അതേസമയം മുയീന്‍ അലി തങ്ങളുടെ ആരോപണങ്ങള്‍ നിരാകരിച്ച് മുസ്ലീ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി.
ഇന്ന് കണ്ടത് ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. മുയീന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം മുയീന്‍ അലി ലംഘിച്ചു. ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കലാണ്. അഭിപ്രായസ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നും സലാം പറഞ്ഞു. ‘ചന്ദ്രിക’ പത്രത്തിന്റെ മാനേജ്മെന്റിന് ഇ.ഡി. നോട്ടിസ് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. ഇഡിക്ക് മറുപടി നല്‍കും. മുൻമന്ത്രി കെ.ടി.ജലീലിനെപ്പോലെ തലയില്‍ മുണ്ടിട്ട് പോകില്ലെന്നും സലാം പറഞ്ഞു
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങൾ വിശദീകരിക്കാനായിരുന്നു മുസ്ലീം ലീഗ് അഭിഭാഷകനായ മുഹമ്മദ് ഷാ വാർത്താ സമ്മേളനം വിളിച്ചത്. ഇതിൽ മുയീൻ അലി തങ്ങളും പങ്കെടുത്തു. അഭിഭാഷകൻ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുയീൻ അലി തങ്ങൾ തനിക്ക് ചിലത് പറയാനുണ്ടെന്ന് അറിയിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു തങ്ങളുടെ പൊട്ടിത്തെറി. ഹൈദരലി ശിഹാബ് തങ്ങളുടെ അസുഖത്തിനു കാരണം ചന്ദ്രികയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ചെയ്തികളാണ് എന്നാണ് മുയീൻ അലി തങ്ങൾ ആരോപിച്ചത്.
ചന്ദ്രിക നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മയാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ സമീറാണ് ഇതെല്ലാം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടി എന്ന ഒറ്റ ആളിലേക്ക് പാർട്ടി കേന്ദ്രീകരിക്കപ്പെട്ടു. പുനർചിന്തനം ആവശ്യമാണ്. നിലവിൽ ഉയരുന്ന ആരോപണങ്ങളിൽ തൻ്റെ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ മാനസിക സമ്മർദ്ദത്തിലാണ്. വാർത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് മുയീൻ അലി തങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകൻ പ്രതിഷേധിച്ചത്. കേട്ടാലറക്കുന്ന ഭാഷയിലായിരുന്നു ശകാരം. തുടർന്ന് വാർത്താ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു.