കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയമാക്കിയ അജിതന്‍റെ ‘നല്ലവിശേഷം’ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും നേടിക്കഴിഞ്ഞ ശേഷമാണ് നല്ല വിശേഷം ഒടിടി റിലീസിംഗിനു ഒരുങ്ങുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച അജിതനാണ് കഥയും സംവിധാനവും. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ നല്ല മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.
ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താൻ പരിശ്രമിക്കുന്ന ‘കാശി’ ആ ഗ്രാമീണർക്ക് പ്രിയപ്പെട്ടവനാണ് . ഓർഗാനിക് കൃഷിയിലൂടെ കാശി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മ ഗ്രാമത്തിലും പുറത്തും പ്രശസ്തമാണ്. ഏതുവിധേയനയും പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യമാണ് വ്യവസായിയായ ദിവാകരപ്പണിക്കർക്കുള്ളത്.
ഗ്രാമത്തിലെ ഭൂമിയും കുന്നുകളും വാങ്ങികൂട്ടുകയും അനധികൃതമായി കുന്നിടിച്ച് മണ്ണ് വിൽക്കുകയും ബാക്കി പ്രദേശത്ത് ജനഹാനി കരങ്ങളായ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സഹായത്താൽ കൃഷിയിറക്കുകയും ചെയ്യുന്നു. ഈ ചെയ്തികൾ, ഗ്രാമവാസികളുടെ ജീവന്റെ അടിസ്ഥാനമായ നദീജലത്തിൽ ഉണ്ടാക്കുന്ന മാരക വിപത്തുകളെപ്പറ്റിയോ വിഷലിപ്തമായ കൃഷി വിഭവങ്ങൾ ഗ്രാമീണരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ അയാൾ ഒട്ടും ചിന്തിക്കുന്നില്ല.
പണിക്കരുടെ ക്രൂരപ്രവർത്തികൾ വരുത്തിവെയ്ക്കുന്ന ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്ന ഗ്രാമവാസികൾ , കാശിയുടെ നേതൃത്വത്തിൽ പണിക്കർക്കെതിരെ പടനയിക്കുന്നു. തുടർന്ന് ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് നല്ലവിശേഷത്തിന്റെ കഥാസഞ്ചാരം.
ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് – സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം – മഹേഷ് ചേർത്തല, കോസ്‌റ്റ്യും – അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന – ഉഷാമേനോൻ (മാഹി), സംഗീതം – സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് – സുരേഷ് സാബു , പശ്ചാത്തലസംഗീതം – വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ – സതീഷ്, യൂണിറ്റ് – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ.