കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളി; കേസ് നിലനില്‍ക്കുമെന്ന് കോടതി

കൊച്ചി: ബാര്‍ക്കൊഴ പ്രശ്നത്തില്‍ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് നിലനില്‍ക്കുമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ വിചാരണ നേരിടണം.

വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരും വിചാരണ നേരിടണം. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

2015ല്‍ നിയമസഭയിൽ കെ എം മാണിയുടെ ബജറ്റ് പ്രസംഗം നടത്തുന്നത് തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. കയ്യാങ്കളിയെ തുടർന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മന്ത്രിമാരായ ഇപി ജയരാജനെയും കെടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സദാശിവൻ വി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തുകൊണ്ടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here