തിരുവനന്തപുരം: നേമത്ത് മത്സരിക്കില്ലെന്ന മുന്‍ തീരുമാനം മാറ്റില്ലെന്ന സൂചനയുമായി ഉമ്മന്‍ചാണ്ടി. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തമാത്രം. പുതുപ്പളളിയില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനിശ്ചിതത്വം നാളെ തീരും. എല്ലായിടത്തും കരുത്തരാകും മല്‍സരിക്കുക. ഇന്നുരാവിലെ പുതുപ്പള്ളിയില്‍ പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി തന്നെ മല്‍സരിക്കണമെന്ന് ഹൈക്കമാന്‍ഡ് കടുംപിടുത്തം പിടിച്ചാല്‍ വിസമ്മതിക്കില്ലെന്നാണ് സൂചന. അതല്ല പുതുപ്പള്ളി വിടാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ രണ്ടിടത്തും മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടിവരും. പക്ഷെ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്നതില്‍ ഹൈക്കമാന്‍ഡിന് സംശയമുണ്ട്. ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നില്ലെങ്കില്‍ പകരമൊരാളെ ഹൈക്കമാന്‍ഡിന് കണ്ടെത്തേണ്ടിവരും.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും പ്രതിഷേധിച്ച അണികള്‍ക്ക് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
നേമത്തിന് അമിതപ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നും, ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും പേര് വന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു വിവാദത്തില്‍ ഇടപെട്ടു കെ.മുരളീധരന്റെ പ്രതികരണം.