തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. വില തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 39 പൈസയാണ് വില. കൊച്ചിയില്‍ പെട്രോൾ വില 88 രൂപ 60 പൈസയാണ്. ഡീസലിന് തിരുവനന്തപുരത്ത് 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ് വില.
പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനു എതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. എണ്ണ ഉൽപാദക രാജ്യങ്ങൾ വില കൂട്ടിയതാണ് ഇന്ധന വില വർദ്ധനയ്ക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം നിർത്തലാക്കി വില നിർണയ അവകാശം പെട്രോളിയം കമ്പനികൾക്ക് നൽകുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിൽ വില വ്യത്യാസമനുസരിച്ച് ഗുണം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയത്. എന്നാൽ കോവിഡ് കാലത്ത് ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കുന്നതിനു പകരം എക്സൈസ് നികുതി 12 തവണ കൂട്ടി ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ കവർന്നെടുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ അടിസ്ഥാന വിലയേക്കാൾ കൂടുതൽ നികുതിയാണ്.
ക്രൂഡോയിൽ വില നേരിയ തോതിൽ ഉയർന്നതിന്റെ പേരിൽ പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന നടപടിയെ ന്യായീകരിക്കുന്ന സർക്കാർ നേരത്തെ
കൂട്ടിയ എക്സൈസ് നികുതി കുറച്ചാൽ ഈ വിലവർദ്ധനവ് ഒഴിവാക്കാവുന്നതേയുള്ളൂ. ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളർ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന പെട്രോൾ, ഡീസൽ വിലയുടെ ഇരട്ടിയാണ് ഇപ്പോൾ 60 ഡോളർ വില മാത്രമുള്ള പ്പോൾ ഈടാക്കുന്നതെന്നും എന്നിട്ടും ഇതിനെ ന്യായീകരിക്കുന്ന മന്ത്രി ജനങ്ങളുടെ സഹനശക്തിയെ വെല്ലുവിളിക്കുകയാണന്നും പുതുശ്ശേരി പറഞ്ഞു.