എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

0
342

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിന്റെതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം ഒരു വിശാല മുന്നണി കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു വരുമ്പോള്‍ അതിനെ ക്ഷീണിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പേര് ഫൈസര്‍ കമ്പനിയുടെ പേരുമായി ചേര്‍ത്ത് വെച്ച് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിക്കുന്നത്.

ഇന്ത്യയില്‍ വളരെ വൈകിയാണ് കോവിഡ് വാക്സിനുകള്‍ എത്തിയത്. ആ ഘട്ടത്തില്‍ ഇന്ത്യയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകരും നിരവധി സന്നദ്ധ സംഘടനകളും കേന്ദ്രത്തിനു മുന്‍പില്‍ ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരുന്നു. ലോകവ്യാപാര സംഘടനയുടെ ഒരു പ്രധാന വകുപ്പ് ഉപയോഗിച്ച് ഈ വാക്സിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്.

വിദേശത്ത് കണ്ടുപിടിച്ച വാക്സിനുകള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാം. ആ വകുപ്പ് കമ്പല്‍സറി ലൈസന്‍സിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡബ്ല്യുടിഒയുടെ ഈ വകുപ്പ് പറയുന്നത് ഏതെങ്കിലും ഒരു രാജ്യത്ത് പകര്‍ച്ചവ്യാധി വന്നാല്‍ മറ്റു ഏതെങ്കിലും ഒരു രാജ്യത്ത് അതിനുള്ള മരുന്ന് കണ്ടുപിടിച്ചാല്‍ പകര്‍ച്ചവ്യാധി ഉള്ള രാജ്യത്തിനു ആ മരുന്ന് മനസിലാക്കി ഈ രാജ്യത്ത് അത് ഉത്പാദിപ്പിക്കാം. അത് പേറ്റന്റ് നിയമലംഘനം ആവുകയില്ല. മരുന്ന് കണ്ടുപിടിച്ച കമ്പനിയ്ക്ക് ഒരു ചെറിയ പ്രതിഫലം കൊടുക്കണം എന്ന് മാത്രമേയുള്ളൂ. ഈ വകുപ്പ് ഉപയോഗിച്ച് വിദേശത്ത് കണ്ടുപിടിച്ച വാക്സിനുകള്‍ കമ്പല്‍സറി ലൈസന്‍സിംഗ് മുഖേന ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

ഈ കാര്യത്തില്‍ ധാരാളം സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനു കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് കമ്പല്‍സറി ലൈസന്‍സിംഗ് ഉപയോഗിക്കുന്നതിനോട് ഇന്ത്യയ്ക്ക് യോജിപ്പ് ഇല്ലെന്നാണ്. തത്ഫലമായി ഇന്ത്യയില്‍ ഒരു പൊതുമേഖലാ മരുന്നു കമ്പനിയില്‍ പോലും വാക്സിനുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചില്ല. വിദേശത്ത് നിന്നുള്ള വാക്സിനുകള്‍ വരുന്നത് വരെ ഇന്ത്യയില്‍ കോവിഡ് രോഗികള്‍ മരിച്ചു കൊണ്ടിരുന്നു.

ഇന്ത്യയില്‍ വാക്സിനുകള്‍ പിന്നീട് ഉത്പാദിപ്പിച്ചത് ആകട്ടെ രണ്ടു സ്വകാര്യ മരുന്ന് കമ്പനികള്‍ മാത്രമാണ്. ഒരു പൊതുമേഖല മരുന്ന് കമ്പനിയിലും മരുന്നുകള്‍ ഉത്പാദിപ്പിച്ചുമില്ല. വിദേശ ബഹുരാഷ്ട്ര മരുന്ന് കമ്പനി വാക്സിനുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഈ സ്വകാര്യ കമ്പനികള്‍ വഴി വിതരണം ചെയ്തപ്പോഴാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്സിന്‍ ലഭിച്ചത്. അപ്പോഴേക്കും മരണസംഖ്യ കൂടിയിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യഥാര്‍ത്ഥത്തില്‍ കീഴ്പ്പെട്ടത് കേന്ദ്ര സര്‍ക്കാരാണ്.

കമ്പല്‍സറി ലൈസന്‍സിംഗ് ഉപയോഗിച്ച് വിദേശ വാക്സിന്‍ കണ്ടുപിടിച്ചപ്പോള്‍ തന്നെ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊവിഡ് കാരണം മരിച്ചത് ഇന്ത്യയില്‍ ആണെന്ന് ഡബ്ല്യുഎച്ച്ഒ പിന്നീട് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ബഹുരാഷ്ട്ര കമ്പനികളോടുള്ള അടുപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിലയിരുത്തപ്പെട്ടു.

നേരത്തെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ മരുന്നുകളുടെ വില കുത്തനെ കൂടിയപ്പോള്‍ കമ്പല്‍സറി ലൈസന്‍സിംഗ് ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ മരുന്ന് ഉത്പ്പാദിപ്പിച്ചിട്ടുണ്ട്. നോവാക്സിന്‍ എന്ന് പറയുന്ന കമ്പനിയ്ക്കായിരുന്നു ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന മരുന്നിന്റെ കുത്തക. മറ്റൊരവസരത്തില്‍ റഷ്യന്‍ കമ്പനിയുടെ മരുന്നും കമ്പല്‍സറി ലൈസന്‍സിംഗ് ഉപയോഗിച്ച് ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനത്തിനു   യാതൊരു അടിസ്ഥാനവുമില്ല-ജോര്‍ജ് വര്‍ഗീസ്‌ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here