പന്ത്രണ്ടു മന്ത്രിമാരുടെ പേരുകള്‍ നാളെ പ്രഖ്യാപിക്കും; സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിലവിലെ മന്ത്രിമാരില്‍ കെ.കെ.ശൈലജയെ മാത്രം തുടര്‍ന്നേക്കും. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം മറ്റു മന്ത്രിമാരെ സിപിഎം പ്രഖ്യാപിക്കും. 12 മന്ത്രിമാരുടെ ലിസ്റ്റ് ആണ് നാളെ പുറത്തു വിടുക. . നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം. രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പുതുമുഖ ശോഭ എന്നതാണ് സിപിഎം നേതൃത്വത്തിലെ ചിന്ത. മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ.ശൈലജയും തുടരും. കഴിഞ്ഞ സര്‍ക്കാരിലെ മറ്റു മന്ത്രിമാരെ പരിഗണിക്കേണ്ട എന്നാണ് തീരുമാനം. സാമുദായിക ഘടകം കൂടി പരിഗണിച്ച് എ.സി.മൊയ്തീനെ നിലനിര്‍ത്തണമെന്ന ആവശ്യം സിപിഎമ്മിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കും.

എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. രണ്ട് വനിതാമന്ത്രിമാര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകും. കെ.കെ.ശൈലജയ്ക്ക് പുറമെ വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരുടെ പേരാണ് പരിഗണനയില്‍. ഇതില്‍ വീണ ജോര്‍ജിന്‍റെ പേരിനാണ് മുന്‍തൂക്കം. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.ടി.ജലീലിനൊപ്പം വീണ ജോര്‍ജിന്‍റെയും പേര് പരിഗണനയിലുണ്ട്.

വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, പി.പി.ചിത്തരഞ്ജന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ്, പി.നന്ദകുമാര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കും സാധ്യതയുണ്ട്. കഴിഞ്ഞതവണ മന്ത്രിയായ ടി.പി.രാമകൃഷ്ണന്‍ ഒഴിവാകുന്നതാണ് സിപിഎം സംസ്ഥാന സമിതിയംഗം കൂടിയായ മുഹമ്മദ് റിയാസിന് സാധ്യത നല്‍കുന്നത്. ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here