ന്യൂഡല്‍ഹി: കോവിഡ് വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ.ഷാഹിദ് ജമീല്‍ സമിതിയില്‍ നിന്നും രാജിവച്ചു. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. രണ്ടാംതരംഗം രൂക്ഷമാക്കിയ വകഭേദത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് അദ്ദേഹം നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു.
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളിൽ ഇന്നും കുറവ് രേഖപ്പെടുത്തുമെന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രതീക്ഷ. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 34,389 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 974 പേർ മരിച്ചു. കർണാടകയിൽ ദിവസങ്ങൾക്കു ശേഷം കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 31,531 പേർക്കാണ് കർണാടകയിൽ രോഗം കണ്ടെത്തിയത്. തമിഴ്നാട്ടിൽ 33,181കേസുകൾ സ്ഥിരീകരിച്ചു.
അതേസമയം കോവിഡിനെതിരെ ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ഇന്നുമുതൽ ലഭ്യമാകും. 10,000 ഡോസ് ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് വിതരണം ഉദ്ഘാടനം ചെയ്യുക. ഹൈദരാബാദിലെ റെഡ്ഢിസ് ലബോറട്ടറിയുമായി ചേർന്ന് വികസിപ്പിച്ച 2-ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നാണ് വിതരണം ചെയ്യുന്നത്.