ട്രിപ്പിൾ ലോക്ഡൗണിനുള്ള മാർഗരേഖ പുറത്തിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ:

തിരുവനന്തപുരം: ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗണിനുള്ള മാർഗരേഖ പുറത്തിറങ്ങി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ന​ഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിക്കുകയാണ്.

പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല. സഞ്ചാരം നിയന്ത്രിക്കാന്‍ ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകള്‍ നിരത്തിക്കഴിഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. ക്വാറന്‍റനീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ഉണ്ടാകും.

തിരുവനന്തപുരം ജില്ലയില്‍ ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. . റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം.

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും. ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here