ഡോ. പി.കെ വാരിയര്‍  അന്തരിച്ചു; വിട പറയുന്നത് ലോക നെറുകയില്‍ ആയുര്‍വേദം എത്തിച്ച ആചാര്യന്‍

കോട്ടയ്ക്കല്‍: ആയുര്‍വേദത്തിന്റെ ആചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്‌.
1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കര്‍മനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്തു പി.കെ വാരിയര്‍ എന്ന വിശ്വപൗരന്‍.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമാകുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപര്‍വം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് വൈദ്യരത്‌നം എന്ന സ്ഥാനം നല്‍കി ആദരിച്ചു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും നിപുണനായ വൈദ്യനുമാണ്.

നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെയെത്തിച്ചേര്‍ന്നു.

114 വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യരത്‌നം പി.എസ് വാരിയര്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഉയര്‍ത്തിപ്പിടിച്ചത് മലപ്പുറം ജില്ലയുടെ പേരും പെരുമയുമാണ്. കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തിന്റെ പ്രശസ്തി കടല്‍ കടന്നപ്പോള്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്ഥാപനത്തിന്റെ നെടുംതൂണായ പി.കെ വാര്യരെ തേടിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here