ഹൈദരാബാദ്: ഇടതു സര്‍ക്കാരുമായി ഇടഞ്ഞ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയില്‍ നിക്ഷേപം നടത്തും. തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. വാറങ്കലിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആദ്യ ഘട്ടത്തില്‍ ആയിരം കോടി രൂപ നിക്ഷേപിച്ചാണ് ഫാക്ടറി സ്ഥാപിക്കുന്നത്. തെലങ്കാന വ്യവസായമന്ത്രി കെ.ടി.രാമറാവു ട്വിറ്ററിലാണ് വിവരങ്ങള്‍ പങ്കുവച്ചത്.
തെലങ്കാന സർക്കാർ അയച്ച സ്വകാര്യ വിമാനത്തിൽ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഹൈദരാബാദിൽ ചര്‍ച്ച നടത്തി ധാരണയിലെത്തിയത്. വ്യവസായ സൗഹൃദ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന തെലങ്കാനയുമായി ചർച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നു സാബു എം.ജേക്കബ് പുറപ്പെടും മുന്‍പ് പറഞ്ഞിരുന്നു.
കിറ്റക്സിനെ കേരളത്തിൽനിന്ന് ചവിട്ടി പുറത്താക്കിയെന്ന് ചെയർമാൻ സാബു എം. ജേക്കബ്. 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചിട്ട് സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഇനിയുള്ള നിക്ഷേപം കേരളത്തിന് പുറത്ത് നടത്താനാണ് തീരുമാനമെന്നും സാബു എം. ജേക്കബ് പറഞ്ഞു. അപ്പാരൽ പാർക്ക് പദ്ധതിയടക്കം 3500 കോടിയുടെ നിക്ഷേപത്തിൽനിന്ന് പിൻമാറുന്നുവെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലായെന്ന കടുത്ത നിലപാടിലാണ് കിറ്റെക്സ്.
കേരളം വ്യവസായ സൗഹൃദമെന്ന് വാക്കുകളിൽ മാത്രമാണുള്ളത്. അതുകൊണ്ട് സംസ്ഥാനത്തിന് പുറത്ത് നിക്ഷേപം നടത്താനാണ് തീരുമാനമെന്ന് ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. നിക്ഷേപവുമായി ബന്ധപ്പെട്ട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ചതും, ക്ഷണിച്ചതും തെലങ്കാനയാണ്. പിടിച്ചു നിൽക്കാനായില്ലെങ്കിൽ നിലവിലുള്ള സ്ഥാപനങ്ങളും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കിറ്റക്സ് പറയുന്നു.