ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാന്‍ നീക്കം. രാമക്ഷേത്ര നിര്‍മാണത്തിന്‍റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിലയിരുത്തിയപ്പോള്‍ തന്നെയാണ് ഈ നീക്കം വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഒന്നാംനില പൂര്‍ത്തിയാക്കാനാണ് ആലോചന.
ആത്മീയകേന്ദ്രമായും രാജ്യാന്തര വിനോദസഞ്ചാര ഹബ്ബായും സ്മാര്‍ട്ട് സിറ്റിയായും അയോധ്യയെ വികസിപ്പിക്കണമെന്ന് മോദി യോഗത്തില്‍ നിര്‍ദേശിച്ചു. പാരമ്പര്യത്തിന്‍റെയും വികസന പരിവര്‍ത്തനത്തിന്‍റെയും മാതൃകയാകണം. ശ്രീരാമന്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയതുപോലെ പൊതുജനപങ്കാളിത്തം മുന്‍നിര്‍ത്തിയാകണം പദ്ധതികളുടെ നടത്തിപ്പെന്നും മോദി പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.