കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി വരുമെന്ന് പ്രധാനമന്ത്രി; പരാമര്‍ശം അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍

ഗുവാഹതി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വേതനം അടക്കം വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രിക രാഹുൽ ഗാന്ധി പുറത്തിറക്കിയതിനു പിന്നാലെയാണ് കോൺഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ രൂപം നൽകിയ സഖ്യത്തെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. അധികാരക്കൊതി മൂലം തോന്നുന്ന പോലെ സഖ്യത്തിൽ ഏർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം തിരിച്ചടിയുണ്ടാകുമെന്ന് മോദി പറഞ്ഞു.

കോണ്‍ഗ്രസും തിരിച്ചടി നല്‍കിക്കഴിഞ്ഞു. തേയില തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ അവരെ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചത്. അതേസമയം അസമിലെ നിർണായക വോട്ട് ബാങ്കായ തേയില തോട്ടം തൊഴിലാളികൾക്കിടയിലെ പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ബിജെപിക്ക് തിരിച്ചടിയാവുകയാണ്.

അതേസമയം ബംഗാളില്‍ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി നൽകി സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏഗ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂൽ സിറ്റിങ് എംപിയും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിർ അധികാരി ബിജെപിയിൽ ചേർന്നത്. ബംഗാളിൽ ബിജെപി പ്രകടന പത്രിക ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. സ്ത്രീകൾക്കും പിന്നോക്ക വിഭാഗക്കാർക്കും മത്സ്യതൊഴിലാളികൾക്കും പ്രാധാന്യം നൽകിയാണ് ബിജെപി പ്രകടന പത്രിക.

LEAVE A REPLY

Please enter your comment!
Please enter your name here