കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. എന്നാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് കമ്മിഷന്‍ നിലപാടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം കോടതി ഇടപെടലിന് തടസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാദം. ഫലപ്രഖ്യാപനത്തിനുശേഷമേ കോടതിക്ക് ഇടപെടാനാകൂവെന്നും വാദം.
കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്‍കി. തങ്ങളോട് രണ്ടുനീതിയെന്ന് സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്താന്‍ പറ്റുന്നവയാണ്. എന്നാല്‍ വരണാധികാരി അതിന് അവസരം നല്‍കിയില്ല. കൊണ്ടോട്ടിയിലും പിറവത്തും ഫോം ബി തിരുത്താന്‍ അവസരം നല്‍കിയെന്നും ഇവര്‍ വാദിച്ചു. നാളെ ഹര്‍ജി കോടതി പരിഗണിക്കും.