അഞ്ച് കൊല്ലം എൽഡിഎഫ് പിന്നെ യുഡിഎഫ് എന്ന സാഹചര്യമില്ല; യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നു വരുമെന്നു സുധാകരന്‍

0
134

കണ്ണൂർ: ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നുവരുമെന്ന് കെ.സുധാകരന്‍ എംപി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരന്‍. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണ്. കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാനുള്ള തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആരാണ്? സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പിണറായി വിജയൻ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തിൽ മൃതദേഹങ്ങൾ കടൽ തീരത്ത് അടിഞ്ഞപ്പോൾ, ഫയൽ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങൾ നേരിട്ടപ്പോൾ റവന്യു മന്ത്രിയുടെ കാറിൽ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയിൽ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

തീരദേശ മത്സ്യബന്ധന കരാർ ഇല്ലന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് അത് റദ്ദാക്കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണ്. പിണറായി വിജയൻ പണക്കാരനാണ്. ജയരാജൻ ജഗജില്ലിയാണ്. 40 വണ്ടി അകമ്പടി വേണമെന്ന് പറഞ്ഞാൽ, ഇത് കോരേട്ടന്റെ മകനാണെന്ന് ഞാൻ ചോദിച്ചാൽ തെറ്റാണോ? അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ചു കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല കേരളത്തിലുള്ളത്. ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ പ്രശ്ന പരിഹാരമായിട്ടില്ല. രണ്ടു ദിവസം കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയിട്ടുണ്ട്-സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here