കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശ്ശേരി അടക്കം മൂന്നു മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികളാണ് തള്ളിയത്. പത്രികകള്‍ തള്ളിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിയമവിദഗ്ദരുമായി ആലോചിച്ച ശേഷം ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുെമന്ന് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി.
ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരായാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം അംഗീകരിച്ച ഹൈക്കോടതി ഹര്‍ജികള്‍ തള്ളുകയായിരുന്നു. വരണാധികാരിയുടെ തീരുമാനത്തില്‍ പാളിച്ച ഉണ്ടിയിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വേണമങ്കില്‍ അക്കാര്യം പരിശോധിക്കാം. നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ, സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പത്രികകള്‍ തള്ളിയ വരണാധികാരിയുടെ നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ഥികളുണ്ടാകില്ല. ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് പത്രിക തള്ളല്‍ വഴി സംഭവിച്ചിരിക്കുന്നത്.