കല്‍പ്പറ്റ: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി ടീച്ചറെ എൽഡിഎഫിൽ എത്തിക്കാൻ നീക്കം. റോസക്കുട്ടിയെ ശ്രേയാംസ്കുമാര്‍ സന്ദര്‍ശിച്ചിരുന്നു. കല്‍പറ്റയില്‍ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്ന് റോസക്കുട്ടി പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചു. കല്‍പറ്റ സീറ്റ് ടി.സിദ്ദിഖിന് നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ്.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്നും വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞിരുന്നു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ്സിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
1996ല്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പദവി വഹിച്ചിരുന്നത്. എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്നു റോസക്കുട്ടി.