സംസ്ഥാനം മദ്യ-മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍; ഗുണ്ടകളുടെ തേര്‍വാഴ്ചയും; ക്രമസമാധാനം താറുമാറായ അവസ്ഥയിലെന്ന് എ.വി.താമരാക്ഷന്‍

0
532

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പോലും മദ്യ-മയക്കുമരുന്ന് മാഫിയയുടെ തേര്‍വാഴ്ചയാണെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സംസ്ഥാനത്ത് ഗുണ്ട വിളയാട്ടം നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും ക്രമസമാധാനം താറുമാറായ അവസ്ഥയിലാണെന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക തകര്‍ച്ച കാരണം കുടുംബങ്ങള്‍ ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്നു. ഇതാണ് നിലവിലെ കേരള മോഡല്‍. ഈ മോഡലാണ് ദേശീയ മോഡല്‍ ആയി സിപിഎം ആഘോഷിക്കാന്‍ പോകുന്നത്.

മദ്യ-മയക്കുമരുന്ന് മാഫിയയെ പിഴുതെറിയേണ്ട പോലീസ് ഇവരുടെ ഏജന്റുമാരായി അധപതിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാലയങ്ങളിലും കോളേജുകളിലും മയക്കുമരുന്ന് വ്യാപകമാണ്. പോലീസ് പിടിച്ചെടുക്കുന്ന മയക്കുമരുന്ന് പോലും തിരികെ ഏജന്റുമാര്‍ക്ക് എത്തുന്ന അവസ്ഥയുമുണ്ട്.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ ഉറ്റവരെ വെട്ടിക്കൊല്ലുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുക്കിനു മുക്കിനു ബാര്‍ ഹോട്ടലും ബീവറേജസ് ഔട്ട്‌ലെറ്റും അനുവദിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ്. പാവപ്പെട്ട തൊഴിലാളികള്‍ അധ്വാനിക്കുന്ന പണം മുഴുവന്‍ ഈ മദ്യമാഫിയ ഊറ്റിക്കൊണ്ടു പോവുകയാണ്.

മദ്യത്തില്‍ മുങ്ങിയ ഒരു തലമുറ ഇവിടെ ഉദയം കൊള്ളുകയാണ്. ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിനും താത്പര്യം ഇങ്ങനെ ഒരു തലമുറയെയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഗുണ്ടാ പ്രവര്‍ത്തനത്തിനും ഇവരെ സിപിഎം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മദ്യ-മയക്കുമരുന്ന് മാഫിയയ്ക്ക് കുടപിടിക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ യാതൊരു ആനുകൂല്യവും നല്‍കാതെ  പിരിച്ചു വിടാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here