തിരുവനന്തപുരം: കേരള മോഡല്‍ ദേശീയ മോഡല്‍ ആയി അംഗീകരിക്കാനാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം വന്നത്. ഇത് സിപിഎമ്മിന്‍റെ സര്‍വനാശത്തിനാണ് വഴി വയ്ക്കുകയെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കൊവിഡ് കാലത്ത് 450 കോടിയുടെ മരുന്ന് വാങ്ങിച്ചിട്ട് അതിന്റെ മൂന്നിരട്ടി എഴുതി എടുത്ത സര്‍ക്കാര്‍ ലോകത്ത് വേറെയുണ്ടാകുമോ എന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്റെ കടം മൂന്നേകാല്‍ ലക്ഷം കോടിയായി മാറി. കേരളം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉയര്‍ന്നു വരാത്ത അഴിമതി ആരോപണങ്ങളാണ് ഇടത് സര്‍ക്കാര്‍ നേരിട്ടത്. ഏത് രീതിയിലും പാര്‍ട്ടിയ്ക്ക് പണമുണ്ടാകുന്ന തന്ത്രമാണ് 2016 മുതല്‍ സിപിഎം പയറ്റുന്നത്. വന്‍ വിവാദത്തിലായ സില്‍വര്‍ ലൈനും ഇതിന്റെ ഭാഗം തന്നെ. ഈ മോഡലാണ് സിപിഎമ്മിന്റെ ദേശീയ മോഡല്‍ എങ്കില്‍ ആ പാര്‍ട്ടിയുടെ അവസാനമാണ് കുറിക്കാന്‍ പോകുന്നത്.
അഴിമതിയും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. പല പ്രശ്നങ്ങളുടെ പേരില്‍ വ്യവസായികളെ എല്ലാം കേരളത്തില്‍ നിന്നും തുരത്തി. സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്ക് തീറെഴുതി. 2016 വരെ കെഎസ്ഇബിയുടെ കടം മൂവായിരം കോടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പതിനാലായിരം കോടിയായി ബോര്‍ഡ് കടം ഉയര്‍ന്നു. കേരളം മദ്യശാലയ്ക്ക് അടിമയാക്കി. വളര്‍ന്നു വരുന്ന തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. ഒരു ഫലപ്രദമായ ഒരു നടപടിയും വന്നില്ല. ഇതെല്ലാമാണ് കേരളത്തിന്റെ മോഡല്‍.
2021-ല്‍ സിപിഎം അധികാരത്തില്‍ വന്നത് ജനങ്ങളുടെ വോട്ട് കൊണ്ടല്ല. ബിജെപി-ബിഡിജെഎസ് വോട്ടുകൊണ്ടാണ്. 2016-ല്‍ ബിജെപിയ്ക്ക് 14 ശതമാനത്തോളം വോട്ടു കിട്ടി. ശബരിമല പ്രശ്നങ്ങള്‍ കാരണം ആ വോട്ടുകള്‍ 18 ശതമാനമെങ്കിലും ആവേണ്ടിയിരുന്നു. എന്നാല്‍ 12 ശതമാനം വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഈ വോട്ടുകള്‍ എവിടെപ്പോയി?
ബിഡിജെഎസിന് മൂന്നു ശതമാനം വോട്ടുകള്‍ 2016-ല്‍ ലഭിച്ചു. എന്നാല്‍ 2021 വോട്ടിംഗ് ശതമാനം ഒന്നായി മാറി. ഈ വോട്ടുകളും എവിടെയാണ് പോയത്? ഇപ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിച്ചു കൊണ്ട് ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള നയമാണ് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്. ഇത് കേരളം തിരിച്ചറിയണം.
ഇതേ പിണറായി വിജയനെയാണ് മഹാനായ നേതാവെന്നു കെ.വി.തോമസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ലൈനില്‍ നിന്നും വിഭിന്നമായി സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കണ്ണുമടച്ചുള്ള പിന്തുണയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി.തോമസ് നല്‍കിയത്. ഇതെല്ലാം ശുദ്ധ അസംബന്ധമായി കാണുന്നുവെന്നും എ.വി.താമരാക്ഷന്‍ പറഞ്ഞു.