റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍ സെവാഗ് – സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഖ്യമാണ് വിജയം അനായാസമാക്കിയത് ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നത്.
ഇന്ത്യയ്ക്കായി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സെവാഗ് വെറും 35 പന്തില്‍ അഞ്ചു സിക്‌സും 10 ഫോറുമടക്കം 80 റണ്‍സോടെ പുറത്താകാതെ നിന്നു. സച്ചിന്‍ 26 പന്തില്‍ നിന്ന് അഞ്ചു ഫോറുകളോടെ 33 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്‌സ് 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്ത ശേഷമാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്. 33 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ നസിമുദ്ദീനാണ് അവരുടെ ടോപ് സ്‌കോറര്‍.
നസിമുദ്ദീനെ കൂടാതെ ജാവേദ് ഒമര്‍ (12), രജിന്‍ സലേഹ് (12) എന്നിവര്‍മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. ഇന്ത്യ ലെജന്‍ഡ്‌സിനായി യുവ്‌രാജ് സിങ്, പ്രഗ്യാന്‍ ഓജ, വിനയ് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.