മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു; വിവാദത്തില്‍ നിന്നും ഊരാനാകാതെ സിപിഎം

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജി പ്രതീക്ഷിച്ചിരുന്നില്ല. യോഗം കഴിഞ്ഞു ഇറങ്ങി വന്ന മന്ത്രിയും രാജിവെക്കുന്നില്ലെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി രൂപപ്പെട്ടിരുന്നു. ഇതു കൂടി കണ്ടാണ്‌ രാജി എന്നാണ് സൂചന. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. കോടതികളില്‍ നിന്ന് തീരുമാനങ്ങള്‍ വരുന്നത് വരെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികളും തീരുമാനമെടുത്തിരുന്നു.

ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here