ലഭിക്കുന്നത് തുച്ഛശമ്പളം; നേരിടുന്നത് കടുത്ത വിവേചനം; സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ രാപ്പകല്‍ സമരത്തില്‍

തിരുവനന്തപുരം: സമഗ്രശിക്ഷ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ സമഗ്രശിക്ഷ അഭിയാന്‍ ആസ്ഥാനത്തിനു മുന്നില്‍ മൂന്നു ദിവസമായി രാപ്പകല്‍ സമരത്തില്‍. സമഗ്രശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരാണ്  രാപ്പകല്‍ സമരം നടത്തുന്നത്.

കഴിഞ്ഞ പതിനെട്ട് മുതലാണ്‌ ഇവര്‍ സമരം തുടങ്ങിയത്. എല്‍പി-യുപി സ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളം തങ്ങള്‍ക്കും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതിനു അനുകൂലമായ ഹൈക്കോടതി വിധിയും ഇവര്‍ നേടിയെടുത്തിട്ടുണ്ട്. അധ്യാപകരുമായി ചര്‍ച്ച ചെയ്ത് തീരുമാനം നടപ്പിലാക്കണം എന്നാണ് ഹൈക്കോടതി വിധിച്ചത്. ഇതുവരെ ചര്‍ച്ച സര്‍ക്കാര്‍ നടത്തിയിട്ടില്ല. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യവും സര്‍ക്കാരിനെ തുറിച്ച് നോക്കുന്നുണ്ട്. ഭിന്നശേഷി കമ്മിഷന്റെ വിധിയും അധ്യാപകര്‍ക്ക് അനുകൂലമായാണ് വന്നത്. ഇതും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

എല്‍പി-യുപി സ്കൂള്‍ അധ്യാപകരുടെ ശമ്പള സ്കെയില്‍ നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മെച്ചപ്പെട്ട ശമ്പളസ്കെയില്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത സംരംഭമാണ് സമഗ്രശിക്ഷ അഭിയാന്‍. ഈ അക്കാദമിക് വര്‍ഷം ഇവര്‍ നടത്തുന്ന മൂന്നാമത് സമരമാണിത്. രണ്ടു സമരംകൊണ്ടും ഫലം ലഭിക്കാത്തതിനാല്‍ രാപ്പകല്‍ സമരം നടത്താന്‍ അധ്യാപകര്‍ തീരുമാനിക്കുകയായിരുന്നു. ശമ്പള കാര്യത്തില്‍ അനുകൂല തീരുമാനം വരുന്നത് വരെ രാപ്പകല്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

ശമ്പളമില്ലാത്തതിനാല്‍ പലരും കൊഴിഞ്ഞുപോയി. ഇപ്പോഴും ആയിരത്തിലധികം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. കടുത്ത വിവേചനം നേരിടുന്നതിനാല്‍ പൊറുതിമുട്ടിയാണ് ഇവര്‍ സമരത്തിന്നിറങ്ങിയത്. ഇവരുടെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ശമ്പളം പതിനായിരം രൂപയായി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവേചനത്തിന്നെതിരേയാണ് രാപ്പകല്‍ സമരം. സമരം ചെയ്യുന്നതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. മുലയൂട്ടുന്ന കുട്ടികളെ വരെ മാറ്റി നിര്‍ത്തിയാണ് ഇവര്‍ സമഗ്ര ശിക്ഷ അഭിയാന്‍ ഓഫീസിനു മുന്നില്‍ രാപ്പകല്‍ സമരവുമായി കിടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ ഊഴമിട്ടാണ് സമരപ്പന്തലില്‍ തുടരുന്നത്.

2018 പ്രളയകാലം മുതലാണ്‌ ഇവരുടെ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇവരുടെ ശമ്പളം 14000 രൂപയാക്കി വെട്ടിക്കുറച്ചു. പാര്‍ട്ട് അധ്യാപകരാക്കി നിറുത്തി മുഴുവന്‍ സമയ ജോലിയാണ് ഇവര്‍ക്ക് അന്ന് നല്‍കിയത്. പിന്നീട് ഇവരെ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം ജോലിയുള്ള ദിവസവേതനക്കാരാക്കി മാറ്റി. ശമ്പളം പതിനായിരം രൂപയാക്കി.

നിരവധി നിവേദനങ്ങള്‍ ഇവര്‍ സര്‍ക്കാരിനു നല്‍കിയെങ്കിലും ഒരു പരിഹാരവും വന്നില്ല. നോക്കാം എന്ന് മാത്രമാണ് മന്ത്രി അടക്കമുള്ളവരില്‍ നിന്നുള്ള മറുപടി. ഇതില്‍ ഒരു പ്രതീക്ഷയും തങ്ങള്‍ക്കില്ലെന്നു സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രതീഷ്‌ അനന്ത ന്യൂസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കുന്നത് വരെ രാപ്പകല്‍ സമരവുമായി നീങ്ങാനാണ് അധ്യാപകരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here