തിരുവനന്തപുരം: ഇഡിക്കെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്യല്‍. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന ആരോപണമാവും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. ഈ ആരോപണത്തില്‍ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വപ്നയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ രജിസ്റ്റർ ചെയ്തകേസും മറ്റൊന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് നൽകിയ കത്ത് അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകൻ നൽകിയ പരാതിയിന്മേലും. രണ്ടാമത്തെ കേസിലാണ് ഇപ്പോൾ സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്.
കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു സന്ദീപ് ജഡ്ജിക്ക് നൽകിയ പരാതി. ഇതിൽ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽ കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.