വൈഗയെ കൊന്നത് സനു തന്നെ; ആത്മഹത്യ ചെയ്യാന്‍ ധൈര്യം വന്നില്ലെന്നും മൊഴി

കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് പോലീസിനോട് സമ്മതിച്ച് സനു മോഹന്‍. ഫ്ലാറ്റില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നത് ശേഷം വൈഗയെ മുട്ടാര്‍ പുഴയിലേക്ക് എറിയുകയായിരുന്നു. മരിച്ചെന്ന ധാരണയിലാണ് പുഴയില്‍ എറിഞ്ഞത്. അതിനു ശേഷം ആത്മഹത്യ ചെയ്യാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ഭയം കാരണം തനിക്ക് അതിനു സാധിച്ചില്ല-സനു മോഹന്‍ പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു.

ശരീരത്തോട് ചേര്‍ത്ത് വെച്ച ശേഷം കഴുത്ത് ഞെരിച്ചാണ് വൈഗയെ കൊന്നത്. താന്‍ മരിച്ചാല്‍ ആരുമില്ലെന്ന തോന്നല്‍ കാരണമാണ് അത് ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. വൈഗ മുങ്ങിമരിക്കുകയാണ് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ട്. പുഴയില്‍ മുങ്ങിയാണ് വൈഗയുടെ മരണം. കൂടുതല്‍ ചോദ്യം ചെയ്യലിന് സനുവിനെ വിധേയമാക്കുകയാണ് പൊലീസ്. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാർത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.

വൈഗയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. സനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here