മംഗളൂരു: കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നും തിരച്ചില്‍ തുടരും.
അതേസമയം അപകടത്തിൽ മർക്കന്റൈൽ മറൈൻ വകുപ്പ് അന്വേഷണം തുടങ്ങി. എംഎംഡി മംഗളൂരു ഓഫിസ് നേതൃത്വത്തിലാണ് അന്വേഷണം. ബോട്ടിൽ ഇടിച്ച സിംഗപ്പൂർ റജിസ്ട്രേഷനുള്ള എപിഎൽ ലി ഹാവ്റെ എന്ന ചരക്കു കപ്പൽ മംഗളൂരു തുറമുഖത്തിനു സമീപം അടുപ്പിക്കാൻ അധികൃതർ നിർദേശം നൽകി.
അപകടത്തിൽ കാണാതായ ത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്, ബംഗാൾ സ്വദേശികളെയാണു കണ്ടെത്താനുള്ളത്. കപ്പൽ ഇടിച്ചു മറിഞ്ഞ റബാ ബോട്ട് പൂർണമായും കടലിൽ മുങ്ങിത്താഴ്ന്നു. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട ബോട്ടിന്റെ കാബിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇക്കാര്യം മംഗളൂരുവിലുള്ള ബോട്ടുടമ രക്ഷാപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
11നു രാത്രി ബേപ്പൂർ ഹാർബറിൽ നിന്നു മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ബോട്ടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പൽ ഇടിച്ചത്.