ജനരോഷം മനസിലാക്കാന്‍ തൃക്കാക്കര വേണ്ടിവന്നു; സില്‍വര്‍ ലൈന്‍ പ്രക്ഷോഭം തുടരുമെന്ന് ജോസഫ് എം. പുതുശ്ശേരി

ആറാട്ടുപുഴ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി  ഉപേക്ഷിക്കുന്നതുവരെ   ജനകീയ പ്രതിരോധം ശക്തമായി തുടരുമെന്ന് കെറെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ  കെറെയിൽ വിരുദ്ധ ഐക്യദാർഢ്യ സംഗമത്തിന് മുന്നോടിയായി  നടത്തുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കല്ലിടലിനെ തിരെ കേരളത്തിലുടനീളം വൻ പ്രതിരോധവും പോലീസ് അതിക്രമങ്ങളും ഉണ്ടായിട്ടും ഒരു മനസ്താപവും ഇല്ലാതെ  ഇതു തുടരുമെന്നു ദുർവാശി  പിടിച്ചവരുടെ ജനരോഷം അളക്കുന്ന മാപിനി പ്രവർത്തിക്കാൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു എന്നത് ഒരു ജനകീയ സർക്കാരിന്റെ പരിതാപകരമായ അവസ്ഥയാണ് വെളിവാക്കുന്നത്.

കല്ലു പറിച്ചാൽ പല്ലു പറിക്കുമെന്നും തല്ലു കൊള്ളുമെന്നും കല്ല് അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുമെന്നും വരെ വീരസ്യം പറഞ്ഞവർ ഇപ്പോൾ അത് വേണ്ടെന്നു വയ്ക്കുമ്പോൾ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാനോ സംസ്ഥാനത്തുടനീളം ഇതുസംബന്ധിച്ച് എടുത്ത കേസുകൾ പിൻവലിക്കാനോ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.

സാമൂഹ്യ ആഘാത പഠനത്തിന് കല്ലിടീൽ എന്നുപറഞ്ഞ് നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുക്കൽ ലക്ഷ്യംവെച്ച് നടത്തിയ ഹിഡൻ അജണ്ട ഇതോടെ പൊളിഞ്ഞ് പാളീസായിരിക്കുകയാണ്.

സാമ്പത്തിക താൽപര്യവും പിടിവാശിയും ഉപേക്ഷിച്ച് കേരളത്തെ സർവനാശത്തിലേക്ക് തള്ളിവിടുന്ന സിൽവർ ലൈൻ പദ്ധതി വേണ്ടെന്നു വയ്ക്കാനുള്ള വിവേകവും വിവേചനബുദ്ധിയും ഇനിയെങ്കിലും സർക്കാർ പ്രകടിപ്പിക്കണം-പുതുശ്ശേരി ആവശ്യപ്പെട്ടു. മനോജ് ജോർജ് അധ്യക്ഷത വഹിച്ചു. കെ – റെയിൽ വിരുദ്ധസമിതി  സംസ്ഥാന കൺവീനർ എസ്. രാജീവൻ, ജില്ലാ ചെയർമാൻ അരുൺ ബാബു,  കൺവീനർ മുരുകേഷ്  നടക്കൽ, ഐക്യദാർഢ്യസമിതി കൺവീനർ  കെ. ജി. അനിൽകുമാർ,  എസ്. രാധാമണി, വർഗീസ് ജോർജ്, സുനിൽ മറ്റത്തു്, കെ. ആർ. പ്രസാദ്, ഫിലിപ്പ് വർഗീസ്, റിജോ മാമ്മൻ, ഷാജി  ഓലിപ്പുറത്ത് പ്രസംഗിച്ചു.

ജാഥ നാളെ  4 മണിക്ക് തിരുവല്ലയിൽ സമാപിക്കും. തുടർന്ന്  വൈ. എം. സി. എ യിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here