കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തന്നെ വിജയിക്കുമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര കേന്ദ്രീകരിച്ച് ഏതുരീതിയില്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കര വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ ഉമ തോമസിന് തൃക്കാക്കര ലഭിക്കും.
മണ്ഡലത്തിന്റെ പൊതുസ്വഭാവം തന്നെ യുഡിഎഫ് അനുകൂലമാണ്. എഎപിയും ട്വന്റി ട്വന്റിയും യുഡിഎഫിനെ പിന്തുണയ്ക്കും. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നയനിലപാടുകള്‍ കാരണം ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ല. സില്‍വര്‍ ലൈനിന് നേരെയുള്ള ജനവികാരവും ശക്തമാണ്. ഈ സാഹചര്യത്തില്‍ മറിച്ച് ഒരു നിലപാട് എടുത്താല്‍ മറിച്ചായാല്‍ ഈ പാര്‍ട്ടികളുടെ കേരളത്തിലെ പ്രസക്തി തന്നെ ഇല്ലാതാകും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെറെയില്‍ ചര്‍ച്ചയാക്കാന്‍ തന്നെ സിപിഎം ഇഷ്ടപ്പെടുന്നില്ല. തൃക്കാക്കര മുന്നില്‍ കണ്ട് സില്‍വര്‍ ലൈന്‍ കല്ലിടല്‍ തന്നെ അവസാനിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. വികസനം ചർച്ച ചെയ്യാമെന്ന യുഡിഎഫ് വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടുമില്ല. .ഇതെല്ലാം തൃക്കാക്കരയില്‍ സിപിഎമ്മിന്റെ പരാജയഭീതി തന്നെയാണ് വെളിവാക്കുന്നത്-താമരാക്ഷന്‍ പറഞ്ഞു.