കരുണാകരന്‍ സോണിയയെ കാണാന്‍ കാത്തത് ഒരു മാസം; കെ.വി.തോമസ്‌ കാത്തത് നാല് വര്‍ഷവും; കാരണഭൂതം കെപിസിസിയും ഹൈക്കമാന്‍ഡും തന്നെ

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കാന്‍ തീരുമാനമെടുത്തതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ.വി.തോമസ്‌ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ കാരണഭൂതമായി കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് കെപിസിസി നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും. അഞ്ച് വര്‍ഷത്തോളം രാഹുലിനെ കാണാന്‍ തനിക്ക് കാത്തിരിക്കേണ്ടി വന്നെന്നും ഇപ്പോഴും അതിനു കഴിഞ്ഞില്ലെന്നുമുള്ള തോമസിന്റെ വാക്കുകള്‍ കടുത്ത  രോഷവും കോണ്‍ഗ്രസില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന അപ്പലൈറ്റ് അതോറിറ്റിയാണ് ഹൈക്കമാന്‍ഡ്. സൈഡ് ലൈന്‍ ചെയ്യപ്പെടുമ്പോള്‍ പരാതി പറയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിലാണ് കെ.വി.തോമസ്‌ പ്രശ്നത്തില്‍ നേതൃത്വത്തിന്നെതിരെ പാര്‍ട്ടിയില്‍ രോഷം ഉയരുന്നത്. മുതിര്‍ന്ന നേതാക്കളുടെ പരാതി കേള്‍ക്കാനും അത് അന്വേഷിക്കാനുമുള്ള കടമ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി മറക്കുകയാണ് എന്ന കുറ്റപ്പെടുത്തലാണ് ഉള്ളില്‍ നിന്നും ഉയരുന്നത്. കെ.വി.തോമസിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമാണെങ്കിലും തോമസ്‌ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വിസ്മരിക്കരുത് എന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ശക്തമാകുന്നത്. നേതാക്കളെ ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം പുറന്തള്ളുന്ന സമീപനം കേരളത്തില്‍ ഗുണകരമാകില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയ്ക്ക് ചേരാത്ത സംഭവങ്ങളാണിത്. കേന്ദ്രമന്ത്രി പദവി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികള്‍ വഹിച്ച ഒരു മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകും എന്നാണ് കോണ്‍ഗ്രസില്‍ നിന്നും ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ സോണിയ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ചയായാണ്‌ കെ.വി.തോമസ് പ്രശ്നത്തെ നേതാക്കളും അണികളും വീക്ഷിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായി നിലകൊള്ളുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തുടര്‍ച്ചകള്‍ ഉണ്ടാകുന്നത്. രൂപം കൊണ്ട ശേഷമുള്ള ഏറ്റവും ശക്തമായ തകര്‍ച്ചയിലാണ് പാര്‍ട്ടി നിലകൊള്ളുന്നത്.

കെ.വി.തോമസ്‌ മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം ലത്തീന്‍ കത്തോലിക്ക സഭയുടെ പ്രതിനിധി കൂടിയാണ്. കെ.വി.തോമസിനെ സിപിഎം വരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നു പോകുന്നത് പരമ്പരാഗതമായി കോണ്‍ഗ്രസില്‍ ഉറച്ച് നിന്ന ലത്തീന്‍ സഭയുടെ വോട്ടു ബാങ്കുകള്‍ കൂടിയാണ്. തോമസിനെ സ്വീകരിക്കുമ്പോള്‍ ഈ വോട്ട് ബാങ്ക് കൂടി ഒപ്പം വരുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് കെ.വി.തോമസിനെ സിപിഎം സ്വീകരിക്കുന്നത്.

ഒരു മാസത്തോളം സോണിയയെ കാണാന്‍ കാത്ത് കെട്ടിക്കിടന്നിട്ടും അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലീഡര്‍ കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടത്. ഡിഐസി എന്ന ഒരു പാര്‍ട്ടിയ്ക്ക് തന്നെ കരുണാകരന്‍ രൂപം കൊടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്ര സംഭവങ്ങളും. ഈ വസ്തുതകള്‍ കോണ്‍ഗ്രസിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ഒരു കാലത്ത് ലീഡറുടെ ഉറ്റ അനുയായി ആയിരുന്ന കെ.വി.തോമസും ലീഡറുടെ അതേ പാതയിലേക്ക് നീങ്ങുന്നത്. കെ.വി.തോമസ്‌ പ്രശ്നം നല്‍കുന്ന സന്ദേശം വളരെ മോശമാണ് എന്ന വികാരം കോണ്‍ഗ്രസില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

പ്രശ്നങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ കാണുക എന്നത് നേതാവിന്റെയും അണികളുടെയും അവകാശമാണ്. ഇത് നിഷേധിക്കപ്പെടുമ്പോള്‍ തകരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും ആത്മവീര്യം കൂടിയാണ്. പാര്‍ട്ടി ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് നേതാക്കളെ കോണ്‍ഗ്രസ് തന്നെ കുടിയിറക്കുന്നത്. പാര്‍ട്ടിയുടെ ഏക സംഘടന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.അനില്‍കുമാര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ കേരളത്തിലെ നേതാവാണ്‌. ഇത്തരം നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് തുടര്‍ച്ചകള്‍ സംഭവിക്കുമ്പോഴാണ് കെ.വി.തോമസ്‌ പോലുള്ള മുതിര്‍ന്ന നേതാവ് കൂടി സിപിഎമ്മിലേക്ക് പോകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here