ബിജെപിയ്ക്ക് എതിരെ വേണ്ടത് മഴവില്‍സഖ്യം; നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ്‌ മാറി നില്‍ക്കണമെന്നും വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ ബദലിന്റെ നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് ഒഴിഞ്ഞു നില്‍ക്കുകയാണ് നിലവിലെ അവസ്ഥയില്‍ വേണ്ടതെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്. ദേശീയ തലത്തില്‍ മഴവില്‍സഖ്യം രൂപപ്പെടണമെന്നും ആ സഖ്യത്തെ നയിക്കാതെ മേജര്‍ പാര്‍ട്ട്‌ ആയി കോണ്‍ഗ്രസ് മാറുകയാണ് വേണ്ടതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചുമതലയുള്ള ഒരു ദേശീയ മുന്നണിയുടെ ഒരു പാര്‍ട്ട്ണര്‍ ആയി കോണ്‍ഗ്രസ് മാറുകയാണ് വേണ്ടത്. മുന്‍പും ഈ പാത കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. 1989-ല്‍ വി.പി.സിംഗിന്റെയും 1996-ല്‍ ദേവഗൌഡയുടെയും മന്ത്രിസഭയുടെ പാര്‍ട്ട്‌ണര്‍ ആയി കോണ്‍ഗ്രസ് നിലകൊണ്ടിട്ടുണ്ട്‌.

രാഷ്ട്രീയമായി ദുര്‍ബലതയില്‍ തുടരുന്ന കോണ്‍ഗ്രസിന് നേതൃസ്ഥാനത്ത് തുടരാന്‍ പഴയതുപോലെ അര്‍ഹതയില്ല. ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളാണ് ദേശീയ തലത്തില്‍ ശക്തരായി നിലകൊള്ളുന്നത്. , എം.കെ.സ്റ്റാലിന്‍, കേജരിവാള്‍ , മമത ബാനര്‍ജി, കെ.സി.രാമറാവു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഗഗന്‍ തുടങ്ങി ഒട്ടേറെ പ്രാദേശിക നേതാക്കള്‍ ഇപ്പോള്‍ ഉദയം കൊണ്ടിട്ടുണ്ട്. ഈ നേതാക്കളുടെയും പാര്‍ട്ടികളുടെയും മഴവില്‍ സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമായും ഉണ്ടാകണം.

കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് വന്നാല്‍ പല പാര്‍ട്ടികളും വൈമുഖ്യം കാണിക്കും. കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് ഇല്ലെങ്കില്‍ എന്‍ഡിഎയോട് ചായ്വുള്ള ഗഗനും നവീന്‍ പട്നായിക് അടക്കമുള്ളവരും സഖ്യത്തിന്റെ ഭാഗമായേക്കും. ഇങ്ങനെ പ്രാദേശിക പാര്‍ട്ടികളും കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഴവില്‍ മുന്നണിയ്ക്കാണ് ബിജെപിയ്ക്ക് ബദല്‍ ആയി വരാന്‍ സാധിക്കുന്നത്. യുപിയിലെ തിരഞ്ഞെടുപ്പ് അനുഭവം പരിശോധിച്ചാല്‍ 80 ലോക്സഭാ സീറ്റുള്ള യുപിയില്‍ നാല്പത് സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി പിടിക്കും എന്നുള്ളത് തീര്‍ച്ചയാണ്. 47 എംഎല്‍എമാര്‍ ഉണ്ടായിരുന്ന അഖിലേഷ് യാദവിന് ഇപ്പോള്‍ 111 എംഎല്‍എമാരുണ്ട്. വോട്ടിംഗ് ശതമാനവും 10 ശതമാനം കൂടിയിട്ടുണ്ട്.

ബീഹാറില്‍ ആണെങ്കില്‍ തേജസ്വി യാദവിന് ബിജെപി സഖ്യത്തെക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസമില്ല. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കി നേതൃസ്ഥാനത്ത് നിന്നും മാറി നില്‍ക്കണം. ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് പയറ്റിയ തന്ത്രം ഇതായിരുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മതപ്രീണനമില്ലാതെ ഈ പാര്‍ട്ടികളെ മുന്നില്‍ നിര്‍ത്തി അധികാരം പിടിക്കണം. മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളികളുമാകണം. ഇങ്ങനെ ഒരു വിശാല മഴവില്‍ സഖ്യത്തിന് മാത്രമേ 2024-ല്‍ ബിജെപിയെ നേരിടാന്‍ സാധിക്കൂ-വര്‍ഗീസ്‌ ജോര്‍ജ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here