ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്; പ്രചരിക്കുന്നത് ശുദ്ധ അസംബന്ധങ്ങളെന്നു ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ നൽകുന്നത് ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒമാനില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളുടെ സംരംഭങ്ങളോട് ആദരവോടെ പെരുമാറുകയാണ് ചെയ്യാറുളളത്. അതിനെ നിക്ഷേപം എന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമാണ്. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടില്ല. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ നേരിടും. രാഷ്ട്രീയ ലക്ഷ്യംവച്ച് വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ സാമ്പത്തിക നിക്ഷേപമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കാന്‍ സ്പീക്കര്‍ 10 കെട്ട് നോട്ടുകള്‍ ലോകകേരളയുടെ ബാഗില്‍ തനിക്ക് കൈമാറിയെന്ന് സരിത്തിന്‍റെ മൊഴിയുമുണ്ട്. ഡോളര്‍ കടത്തിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സരിത്തിന്‍റെ ഗുരുതര വെളിപ്പെടുത്തല്‍.

എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരായ എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയോടൊപ്പമാണ് സ്പീക്കര്‍ക്കെതിരായ പ്രതികളുടെ മൊഴികളും ഇഡി ഉള്‍ക്കൊള്ളിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷണന് ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാന്‍ പി. ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടിരുന്നു. ഇതിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഭൂമി നല്‍കാമെന്ന് ഷാര്‍ജാ ഭരണാധികാരി വാക്കാല്‍ അനുമതിയും നല്‍കി.

തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. സ്വര്‍ണക്കടത്ത് കേസ് പ്രതി എം. ശിവശങ്കര്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ഉടമകളായ ലഫീര്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ബിസിനസ്. ഇത് മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കാന്‍ തന്നോട് ഷാര്‍ജിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും സ്വപ്ന പറയുന്നു. അതേസമയം ഏതെങ്കിലും ഉന്നതര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയിട്ടുണ്ടോ എന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യത്തിന് മറുപടിയായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ പേര് പറഞ്ഞാണ് സരിത് മൊഴി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here