സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിനു മുതല്‍മുടക്ക് 250 കോടി; ചിത്രീകരണം പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളില്‍; മാസ് ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പില്‍ താരം; ‘ഒറ്റക്കൊമ്പന്‍’ സ്വപ്ന പദ്ധതിയെന്ന് സുരേഷ് ഗോപി

കൊച്ചി:സുരേഷ്ഗോപി നായകനായ 25 കോടി മുതല്‍ മുടക്കിലുള്ള ഒറ്റക്കൊമ്പന്‍ അണിയറയില്‍ പുരോഗമിക്കുന്നു. സുരേഷ് ഗോപിയുടെ 250 ആം ചിത്രമാണിത്. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്‌റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിനിമയെ കുറിച്ചുളള സുരേഷ് ഗോപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാണ്. ഒറ്റക്കൊമ്പന്റെ സംവിധായകന്‍ മാത്യൂ തോമസിനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും ഒപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപി എത്തിയത്. ഒപ്പം ഒറ്റക്കൊമ്പന്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും നടന്‍ അറിയിച്ചു. ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപി : ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു. എന്നാണ് നടന്‍ കുറിച്ചത്.

ടോമിച്ചന്‍ മുളകുപാടവും സിനിമയെ കുറിച്ചുളള പോസ്റ്റുമായി എത്തിയിരുന്നു. തിയ്യേറ്ററുകള്‍ വീണ്ടും തുറന്നു, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്റെ സ്വപ്‌ന പദ്ധതി ആരംഭിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് ടോമിച്ചന്‍ മുളകുപാടം കുറിച്ചത്. മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുരേഷ് ഗോപിയുടെ 250ആം ചിത്രമായി എത്തുന്ന ഒറ്റക്കൊമ്പന് ഹര്‍ഷവര്‍ധന്‍ പരമേശ്വരന്‍ സംഗീതവും അനില്‍ ലാല്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here