ന്യൂസീലൻഡിനോടും കനത്ത തോൽവി;  ട്വന്റി20യില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി

ദുബായ്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് പുറമേ ന്യൂസീലൻഡിനോടും ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കനത്ത തോൽവി. എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത തീർത്തും വിരളം.

ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 3 3 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യ പുറത്താകലിന്റെ വക്കിലെത്തിയപ്പോൾ, ആദ്യ ജയത്തോടെ ന്യൂസീലൻഡ് സെമി പ്രതീക്ഷ കാത്തു. ആദ്യ മത്സരത്തിൽ ന്യൂസീലൻഡും പാക്കിസ്ഥാനോടു തോറ്റിരുന്നു.

അർധസെഞ്ചുറിയുടെ വക്കിലെത്തിയ ഓപ്പണർ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡ് വിജയം അനായാസമാക്കിയത്. മിച്ചൽ 35 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത് പുറത്തായി. ഓപ്പണർ മാർട്ടിൻ ഗപ്ടിൽ സമ്മാനിച്ച മികച്ച തുടക്കവും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്ഷമപൂർവമുള്ള ഇന്നിങ്സും കിവീസ് വിജയം കൂടുതൽ അനായാസമാക്കി.

ഗപ്ടിൽ 17 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസുമായി പുറത്തായി. വില്യംസൻ 31 പന്തിൽ മൂന്നു ഫോർ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് വില്യംസൻ – മിച്ചൽ സഖ്യം കിവീസിന് വിജയം സമ്മാനിച്ചത്. 54 പന്തിൽ ഇരുവരും ചേർന്ന് സ്കോർ ബോർഡിലെത്തിച്ചത് 72 റൺസ്. ഡിവോൺ കോൺവേ രണ്ടു റൺസോടെ വിജയത്തിലേക്ക് വില്യംസനു കൂട്ടുനിന്നു.

ഇന്ത്യയ്ക്ക് ലഭിച്ച രണ്ടു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര സ്വന്തമാക്കി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര രണ്ടു വിക്കറ്റെടുത്തത്. രണ്ട് ഓവറിൽ 23 റൺസ് വഴങ്ങി രവീന്ദ്ര ജഡേജ, ഒരു ഓവറിൽ 11 റൺസ് വഴങ്ങിയ മുഹമ്മദ് ഷമി, 1.3 ഓവറിൽ 17 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ഇടവേളയ്ക്കുശേഷം ബോൾ ചെയ്ത ഹാർദിക് പാണ്ഡ്യ രണ്ട് ഓവറിൽ 17 റൺസ് വഴങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here