തോല്‍വിക്ക് കാരണം നേതാക്കളുടെ വീഴ്ച; കെപിസിസിയില്‍ സമഗ്ര അഴിച്ചു പണി വരും

ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി നേതാക്കളുടെ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുടെ റിപ്പോര്‍ട്ട്. കെപിസിസി നേതാക്കളെ കുറ്റപ്പെടുത്തിയാണ് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാകാത്തതാണ് തോല്‍വിക്ക് പ്രധാനകാരണം. ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ലെന്നും ഹൈക്കമാന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നേതൃത്വത്തില്‍ അഴിച്ചുപണി ഉണ്ടായേക്കും. ഒരു നേതാവിനെ പേരെടുത്ത് പറഞ്ഞുള്ള റിപ്പോര്‍ട്ട് അല്ലാത്തതിനാല്‍ തത്ക്കാലം മുല്ലപ്പള്ളിയ്ക്ക് കെപിസിസി അധ്യക്ഷനായി തുടരാന്‍ കഴിഞ്ഞേക്കും. അതേസമയം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകും. എംഎല്‍എമാരുടെ മനസ് അറിഞ്ഞാകും തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ച് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഒരുനേതാവിന്‍റെ മാത്രം പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. മറിച്ച് നേതാക്കളുടെ അനൈക്യമാണ് തോല്‍വിക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ അനൈക്യം അണികളിലും പ്രകടമായി. താഴെത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് പല നേതാക്കളും കരുതിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന് കരുതിയാണ് ജനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് നേതൃത്വം പാഠം ഉള്‍ക്കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അലംഭാവമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രൂപം നല്‍കിയ വസ്തുതാന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസഥാനത്തിലാകും നേതൃത്വത്തില്‍ അഴിച്ചുപണി ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here