ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. ഏഴുമാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ബിനീഷിന്റെ അകൗണ്ടിൽ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതിയായ യ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. എന്നാൽ വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11 മുതൽ അദ്ദേഹം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.