തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നു; ഹെലികോപ്റ്റര്‍ പോലും നിഷേധിച്ചുവെന്ന് ഗവര്‍ണര്‍

0
197

ഹൈദരാബാദ്: സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും ഗവർണറുടെ സന്ദേശം നൽകുന്നതിനുള്ള അവസരവും സർക്കാർ നിഷേധിച്ചെന്നും അവർ ആരോപിച്ചു. അതേസമയം, ഗവർണറുടെ ആരോപണങ്ങളോട് ടിആർഎസോ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരോ പ്രതികരിച്ചില്ല.

‘‘എപ്പോഴൊക്കെ എനിക്ക് ജനങ്ങളുമായി സമ്പർക്കം വരുന്ന പരിപാടികൾ വരുമോ അപ്പോഴൊക്കെ എന്തെങ്കിലുമൊരു ബുദ്ധിമുട്ട് സൃഷ്ടിക്കും. വനിതാ ഗവർണറോട് എങ്ങനെയൊക്കെ വിവേചനം കാട്ടാമെന്ന ചരിത്രമാണ് സംസ്ഥാനം എഴുതുന്നത്’’ – ഗവർണർ സ്ഥാനത്ത് മൂന്നു വർഷം തികയ്ക്കുന്ന അവസരത്തിൽ പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

‘‘മുളുഗു ജില്ലയിലെ സമക്ക സരക്കയിൽ (ഗോത്ര ഉത്സവം) പങ്കെടുക്കാൻ സർക്കാരിനോട് ഹെലിക്കോപ്റ്റർ ആവശ്യപ്പെട്ടിരുന്നു. റോഡ് മാർഗമുള്ള യാത്രയ്ക്ക് 8 മണിക്കൂറോളം എടുക്കുന്നതിനാലാണ് ഹെലികോപ്റ്റർ ചോദിച്ചത്. എന്നാൽ അവസാന നിമിഷം വരെ ഹെലിക്കോപ്റ്റർ അനുവദിക്കുമോ ഇല്ലയോ എന്ന് അവർ അറിയിച്ചില്ല. അതേത്തുടർന്ന് പിറ്റേന്ന് രാവിലെ കാറിൽ പോകേണ്ടിവന്നു. വൈകിട്ടു നാലു മണിക്ക് അവസാനിക്കുന്ന ചടങ്ങിൽ ഒരു വിധത്തിലാണ് എത്താനായത്.

ഒരാളെ കുറ്റപ്പെടുത്താനല്ല ഇക്കാര്യം പറയുന്നത്. ഗവർണറുടെ ഓഫിസ് ബഹുമാനിക്കപ്പെടണം. ഇതുമാത്രമല്ല, റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ സന്ദേശം അറിയിക്കുന്നതിനുള്ള അവസരം നിഷേധിച്ചു. പതാക ഉയർത്താനുള്ള അവസരവും നിഷേധിക്കപ്പെട്ടു. ഇപ്പോൾപ്പോലും എവിടെപ്പോയാലും പ്രോട്ടോക്കോൾ പൂർണമായി പാലിക്കപ്പെടുന്നില്ല. കലക്ടർ വരാറില്ല. എനിക്ക് പ്രശ്നമില്ല. പക്ഷേ, പദവിക്ക് ബഹുമാനം തരണം-ഗവര്‍ണര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here