തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വാക്സീന്‍ കിട്ടാക്കനിയാകുന്നു. സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വിതരണം നിര്‍ത്തി. മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് വാക്സീന്‍ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രം. എന്നാല്‍ 60000 ലേറെപ്പേരാണ് ഈ വിഭാഗത്തില്‍ റജിസ്റ്റർ ചെയ്തത്. ഇനി പതിനായിരം പേര്‍ക്കുളള വാക്സീന്‍ മാത്രമാണ് മിച്ചമുളളത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിമിതമായ രീതില്‍മാത്രമേ വാക്സീന്‍ നല്കാനാകു.
കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ വാക്സീന്‍ കിട്ടാതെ മടങ്ങുന്ന കാഴ്ചയായിരുന്നു. ഓണ്ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശം നല്കി വിട്ടു. അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലുള്‍പ്പെടെ നടത്തിയ മെഗാ വാക്സീന്‍ ക്യാംപുകളില്‍ അനധികൃതമായി കയറിപയററിയവര്‍ നിരവധി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടേയും വിഐപി ഡ്യൂട്ടിയുടേയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്പെടുത്തത്.
ശുപാര്‍ശകളുമായെത്തിയവര്‍ക്കു നേരെ അധികൃതരും കണ്ണടച്ചു. ഇനി വാക്സസിന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം നടത്താനാണ് നിര്‍ദേശം. സ്വകാര്യ ആശുപത്രികളില്‍ റജിസ്ററര്‍ ചെയ്തവര്‍ക്കു പോലും വാക്സീന്‍ ലഭിക്കില്ല. 9 ന് 21 ലക്ഷം ഡോസ് വാക്സീന്‍ എത്തുമെന്നാണ് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് വിതരണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയാലേ വാക്സീന്‍ വിതരണം സുഗമമാകു.