‘ടൗട്ടെ’ കര്‍ണാടക തീരത്തേക്ക്; 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അപായ സൂചന മുഴക്കി ‘ടൗട്ടെ’ ചുഴലിക്കാറ്റ് കര്‍ണാടക തീരത്തേക്ക് കടന്നു. ‘ടൗട്ടെ’ ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ പരമാവധി 175 കി.മീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കേരളത്തില്‍ 12 മണിക്കൂര്‍ കൂടി അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കേരളത്തില്‍ മഴയുടെ തോത് കുറയുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് 9 ജില്ലകളില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്. അച്ചന്‍കോവില്‍, മണിമലയാറുകളില്‍ പ്രളയസാധ്യതാമുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മത്സ്യബന്ധനവും കപ്പല്‍ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ കേരളതീരത്ത് കനത്ത മഴയും കടലാക്രമണവും തുടരുക തന്നെയാണ്. 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്രമാകുന്ന ചുഴലിക്കാറ്റ് ഗോവ, മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കനത്തമഴയും കറ്റും കടലാക്രണവും ഉണ്ടായി. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും കത്തമഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. തീരപ്രദേശത്ത് കടലാക്രമണം ശക്തമാണ്. എല്ലാ തീരദേശജില്ലകളിലും കടല്‍കയറ്റം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നാളെ രാത്രിവരെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തില്‍ വ്യാപകനാശനഷ്ടം ആണുണ്ടായത്. വിവിധ ജില്ലകളിലായി അറുനൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ആലപ്പുഴയില്‍ മടവീണ് മൂന്നു പാടശേഖരങ്ങളില്‍ വെള്ളം കയറി. തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്. ശക്തമായ മഴയിലും കാറ്റിലും തെക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടം. കടലാക്രമണത്തില്‍ വലിയതുറ കടല്‍പ്പാലം ചരിഞ്ഞു. പമ്പ, അച്ചന്‍കോവിലാറിലും മണിമലയാറ്റിലും ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയാണ്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. കാസര്‍കോടും കണ്ണൂരും കനത്ത മഴ തുടരുന്നു. മഞ്ചേശ്വരത്ത് ഇരുനില കെട്ടിടം നിലംപൊത്തി.
തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ചുഴലിക്കാറ്റ് അമ്നിദ്വിപിന് സമീപമുള്ള അറബിക്കടലില്‍നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടസാധ്യതാ മുന്നറിയിപ്പ് നിലവില്‍വന്നു. പാകിസ്ഥാന്‍, മാലദ്വീപ് എന്നീ അയല്‍രാജ്യങ്ങള്‍ക്കും കാലാവസ്ഥാ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. കൊച്ചി മുതല്‍കറാച്ചി വരെയുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18ാം തീയതിയോടെ പോര്‍ബന്ദറിന് സമീപം ഗുജറാത്ത് തീരത്തുവെച്ച് ടൗട്ടെ കരയിലേക്ക് കടക്കാനാണ് സാധ്യത. ഗുജറാത്തും കടന്ന് പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിച്ചേക്കും. അപ്പോഴേക്കും കാറ്റിൻ്റെ ശക്തി കുറയാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here