കൊച്ചി:∙ കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി എട്ടു പേരെ കാണാതായതായി. ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് ആണ്ടവർ തുണയ് എന്ന ബോട്ടാണ് കനത്ത കാറ്റിൽ മുങ്ങിയത്.ഇതോടൊപ്പമുണ്ടായിരുന്ന രണ്ടു ബോട്ടുകൾ സുരക്ഷിതമായി ലക്ഷദ്വീപിൽ തീരത്തെത്തിയിട്ടുണ്ട്. ഒരെണ്ണം ശക്തമായ കാറ്റിൽ പെട്ട് മുങ്ങുകയായിരുന്നു. തമിഴ്നാട് നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. തമിഴ്നാട്ടിലെ നാഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.
ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ലക്ഷ്വദീപ് ഭരണകൂടം മൽസ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്കു നീങ്ങിയിട്ടുണ്ട്. മുങ്ങിയ ബോട്ടില്‍ ഉള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കേരള, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 850 ബോട്ടുകളെങ്കിലും ഇന്നലെ വരെ കടലിൽ ഉണ്ടായിരുന്നതായാണു സൂചന. . ഇവയിൽ ഏതൊരു സംസ്ഥാനത്തു നിന്നുള്ള ബോട്ട് തീരത്തേയ്ക്ക് എത്തിയാലും ഷെൽട്ടർ ചെയ്യണമെന്ന് നിർദേശമുണ്ട്.