ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ അർദ്ധരാത്രി മുതൽ; വരുന്നത് അതിര്‍ത്തി അടച്ചുള്ള കര്‍ശന നടപടികള്‍

തിരുവനന്തപുരം: നാളെ അർദ്ധരാത്രി മുതൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. ജില്ലകളുടെ അതിർത്തികളും അടയ്ക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നതിന് 10,000 പൊലീസുകാരെ വിന്യസിക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി വരും .ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകും.

.നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനത്തെ ഉപയോഗപ്പെടുത്തും. പത്രം, പാൽ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ തന്നെ വീട്ടിലെത്തിക്കേണ്ടതുണ്ട്. ബേക്കറി, പലവ്യഞ്ജന കടകൾ എന്നിവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. വീട്ടുജോലിക്കാരായിട്ടുള്ളവർക്ക് പാസ് വാങ്ങിക്കൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ജില്ലകളിലേക്ക് പ്രവേശിക്കാൻ ഒരു വഴി മാത്രമാകും ഉണ്ടാകുക. പ്ലംബര്‍, ഇലക്ട്രീഷ്യൻ എന്നിവർക്ക് പാസ് വാങ്ങി അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും. ബേക്കറി, പലവ്യജ്ഞനക്കട ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ് സർക്കാർ നിർദേശം. ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 1 മണിവരെ പ്രവർത്തിക്കാം.

കേരളത്തിലെ കൊവിഡ് പുതിയ കണക്കുകള്‍ പുറത്തുവന്നു. ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 296 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4782, എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂർ 1652, പത്തനംതിട്ട 1119, കാസർകോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here