തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശി 24കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 13 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ ഏറെപ്പേരും ആരോഗ്യപ്രവര്‍ത്തകരാണ്. പകൽ മനുഷ്യരെ കടിക്കുന്ന ഈഡിസ് വിഭാഗം പെൺകൊതുകുകൾ വഴി പകരുന്ന രോഗവാഹിയാണ് സിക വൈറസ്.
ഡെങ്കിപ്പനി, ജപ്പാൻജ്വരം, മഞ്ഞപ്പനി എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്ന വൈറസുകളുടെ ഇനത്തിൽപ്പെട്ട രോഗാണുവാണിത്. പനി, തലവേദന, ശരീരവേദന, സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണു ചുവക്കൽ എന്നിവയാണു രോഗലക്ഷണങ്ങൾ. സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് നടപടികള്‍തുടങ്ങി. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.