തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. തിമിംഗല ഛർദിയുമായി ബന്ധപ്പെട്ടു മൂന്നു പേരെ വനം വിജിലൻസ് പിടികൂടി. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.
തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്.