വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാളയാറിന് സമാനമായ ക്രൂരതയാണ് വണ്ടിപ്പെരിയാറിലേതെന്നും സതീശന്‍ പറഞ്ഞു. ക്രൂര കൊലപാതകത്തിന് ഇരയായ ആറുവയസുകാരിയുടെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വാളയാറിൽ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടെന്നും വണ്ടിപ്പെരിയാറിൽ ഇത് ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ഡിവൈഎഫ്ഐ ബന്ധം ഉള്ളതിനാലാണ് ഇത് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതോടെയാണ് അന്വേഷണസംഘം തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്. ആറ് വയസുകാരിയെ കൊലപ്പെടുത്തിയ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പെണ്‍കുഞ്ഞിന് മിഠായിയും പലഹാരവും നല്‍കിയായാണ് പീഡിപ്പിച്ചതെന്നാണ് പ്രതി അര്‍ജുന്റെ മൊഴി.
വണ്ടിപ്പെരിയാറിലെ കടകളില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും. ആറുവയസുകാരിയെ പോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തില്‍ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജൂണ്‍ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്.