തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചിരിക്കുന്നു. രതീഷ് രഘുനന്ദന്റെ ഉടലിലെ ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഗാനം മലയാളികള്‍ ഏറ്റെടുക്കുകയാണ്. ബി.ടി.അനില്‍കുമാര്‍ രചിച്ച് വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയ ഈ ഗാനം യു ട്യൂബില്‍ പോസ്റ്റ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തന്നെ രണ്ടേ മുക്കാല്‍ ലക്ഷം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേര്‍ കണ്ടത് തന്നെ ഗാനത്തിന്റെ സ്വീകാര്യത കൂടി വരുന്നു എന്നതിന്റെ തെളിവായി മാറുകയാണ്.
കാവ്യഗുണമുള്ള വരികളും വരികളെ പോറലേല്‍പ്പിക്കാതെയുള്ള സംഗീതവുമാണ് ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഗാനത്തിന്റെ കരുത്തായി മാറുന്നത്. സിനിമയിലെ കുട്ടിച്ചന്റെയും ഭാര്യയുടെയും ഏകാന്തതയും അവസ്ഥകളും ശാന്തസുന്ദരമായി ഗാനത്തില്‍ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഉടല്‍ കണ്ടവരും കാണാത്തവരും ഇടനെഞ്ചിലെ താളമായി ഈ ഗാനം ഏറ്റെടുക്കുന്നതും.
ഉടല്‍ അടക്കം അഞ്ച് സിനിമകള്‍ക്ക് ഗാനം രചിച്ച പിആര്‍ഡിയിലെ ഉദ്യോഗസ്ഥനായ ബി.ടി.അനില്‍കുമാറിന്റെ ശ്രദ്ധേയമായ ഗാനമായാണ് ഉടലിലെ ഗാനം വിലയിരുത്തപ്പെടുന്നത്. സമയയാത്ര,മിഠായിതെരുവ്, സുജിത് വാസുദേവിന്റെ ഓട്ടര്‍ഷ, ലെയ്ക്ക എന്നീ സിനിമകളിലാണ് അനില്‍കുമാര്‍ ഗാനങ്ങള്‍ രചിച്ചിട്ടുള്ളത്.
മിഠായിതെരുവിലെ പാട്ടുകള്‍ പി.ജയചന്ദ്രനും, വിനീത് ശ്രീനിവാസനും ഹരിശങ്കറും ഒക്കെ ആലപിച്ച ഗാനങ്ങളാണ് ഇവ. കോഴിക്കോടിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമയുടെ ഷൂട്ടിംഗ് കൊവിഡ് കാരണം മുടങ്ങിയിരിക്കുകയാണ്. ലെയ്ക്കയിലെ ഗാനങ്ങള്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം അനില്‍കുമാറിന് ലഭിച്ചു. ഈ വര്‍ഷം അവസാനം ഷൂട്ട് ചെയ്യുന്ന കാളിയന്‍ സിനിമയുടെ തിരക്കഥയും അനില്‍ കുമാറിന്റെതാണ്. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദനും അനില്‍ കുമാറും യോജിച്ചാണ് നടന്‍ സത്യന്റെ ബയോ പികില്‍ തിരക്കഥ തയ്യാറാക്കുന്നതും.