തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് ചേരുകയാണ് വേണ്ടത് എന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
2004-ല്‍ യുപിഎ സംഖ്യം നിലവില്‍ വന്നു. ഇത്തരമൊരു സഖ്യം നിലവില്‍ വന്നതിനാല്‍ പത്ത് വര്‍ഷം യുപിഎ സര്‍ക്കാരിനു ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞു. ഇനിയും ഈ രീതിയില്‍ സഖ്യം നിലവില്‍ വരണം. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയ്ക്ക് മാത്രമേ ഇന്ത്യയില്‍ പ്രസക്തിയുള്ളൂവെന്ന് ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ തിരിച്ചറിയണം. കോമണ്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വേണം എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടത് പാര്‍ട്ടികളും ഒരുമിച്ച് ചേരേണ്ടത്. യുപിഎവന്നാല്‍ ഏറ്റവും കൂടുതല്‍ എംപിമാര്‍ ഉള്ള പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരട്ടെ.
നാല്പത് ശതമാനം മാത്രം വോട്ടുള്ള പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണം. മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിനാലാണ് ബിജെപിയ്ക്ക് തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞത്. മഴവില്‍ സഖ്യം ഉള്‍പ്പെടെയുള്ള സഖ്യങ്ങള്‍ ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ളതാണ്-താമരാക്ഷന്‍ പറയുന്നു.