ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു മുൻപ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ വിഷം കുത്തിവെച്ചാണ് ലിസയെ കൊന്നത്. ഗർഭിണിയെ കൊന്നു വയറു കീറി കുഞ്ഞിനെ തട്ടിയെടുത്ത കേസിലാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ലിസയുടെ മാനസിക ആരോഗ്യനില പരിഗണിച്ച് വധശിക്ഷ സ്റ്റേ ചെയ്ത ഇൻഡ്യാന കോടതി നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.
2007ൽ ലിസ മോണ്ട്ഗോമറി 8 മാസം ഗർഭിണിയായിരുന്ന ബോബി ജോ സ്റ്റിനെറ്റിനെ കാൻസസിലെ മെൽവേണിൽനിന്ന് 275 കിലോമീറ്റർ അകലെയുള്ള മിസോറിയിലെ സ്കിഡ്മോറിലെ ഫാം ഹൗസിലേക്കു തട്ടിക്കൊണ്ടുപോയി കൊന്ന് അവരുടെ വയറു കീറി ശിശുവിനെ മോഷ്ടിക്കുകയായിരുന്നു. കുട്ടി ജീവിച്ചിരിപ്പുണ്ട്. ശിക്ഷ നടപ്പാക്കിയതിനെ ലിസയുടെ അഭിഭാഷകൻ രൂക്ഷമായി വിമർശിച്ചു. വധശിക്ഷ സംബന്ധിച്ച് യുഎസിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്.
1963നു ശേഷം 3 പേരുടെ വധശിക്ഷ മാത്രമാണു നടപ്പാക്കിയത്. 17 വർഷം മുടങ്ങിയ വധശിക്ഷ നടപ്പാക്കൽ കഴിഞ്ഞ വർഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുനരാരംഭിച്ചു. അതിനുശേഷം 2020ൽ 10 പേരെ വധിച്ചു.