പൊതുവിദ്യാഭ്യാസ വകുപ്പില്‍ അഴിമതി ഗന്ധം; വിവിധ ഓഫീസുകളില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വിദ്യാഭ്യാസവകുപ്പിലെ ഫയലുകള്‍ മാസങ്ങളായി തീരുമാനമെടുക്കാതെ പിടിച്ച് വയ്ക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷൻ ജ്യോതി എന്ന   പേരിലായിരുന്നു റെയിഡ്.

24 ജില്ലാ ഓഫീസുകൾ, 30 അസ്സിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. നെയ്യാറ്റിൻകര, കൽപ്പറ്റ, പാലക്കാട്, തിരുവനന്തപുരം എന്നീ ഡി.ഇ.ഒ ഓഫീസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കൽപ്പറ്റ എന്നീ എ.ഇ.ഒ ഓഫീസുകളിലും ഇപ്രകാരം ഫയലുകളിൽ കാലതാമസം വരുത്തുന്നതായി വിജിലൻസിന് കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

എയ്ഡഡ് സ്കൂൾ അദ്ധ്യാപക-അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. ഡി.ഇ.ഒ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അഴിമതി നടത്താന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ വെച്ച് താമസിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലീവ് വേക്കൻസി നിയമനം, സ്ഥലമാറ്റത്തെ തുടർന്ന് ഉണ്ടാകുന്ന ഒഴിവ് , തസ്തിക സൃഷ്ടിക്കൽ, എയ്ഡഡ് സ്കൂൾ ഉദ്ദ്യോഗസ്ഥരുടെ മെഡിക്കൽ റീ ഇംമ്പേഴ്സ്മെന്റെ്, എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലും അഴിമതി നടക്കുന്നതായി വിവരം ലഭിച്ചിരുന്നു.

വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന വിജിലൻസ് ഐജി. എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലൻസ് ഇന്റലിജൻസ് വിഭാഗം എസ്പി .ഇ.എസ്.ബിജുമോന്റെ മേൽനോട്ടത്തിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പോലീസ് സൂപ്രണ്ട് കെ.ഇ.ബൈജു, വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 എസ്പി അജയകുമാർ, വിജിലൻസ് തെക്കൻ മേഖല എസ്പി ജയശങ്കർ, മധ്യമേഖലഎസ്പി ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖല എസ്പി വിനോദ് കുമാർ, വടക്കൻ മേഖലഎസ്പി സജീവൻ,എറണാകുളം സ്പെഷ്യൽ സെൽ എസ്പി മൊയ്ദീൻകുട്ടി,കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ശശിധര എന്നിവർ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങള്‍ സര്‍ക്കാരിനു നല്‍കുമെന്ന് വിജിലൻസ് ഐജി എച്ച്. വെങ്കിടേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here